അവശ്യസാധനങ്ങള്‍ പൂഴ്ത്തി വെക്കുകയോ വില കൂട്ടി വില്‍ക്കുകയോ ചെയ്താല്‍ ഒരു കോടി റിയാല്‍ പിഴ : സൗദി പബ്ലിക് പ്രോസിക്യുഷന്‍

റിയാദ്: അസാധാരണമായ സന്ദര്‍ഭങ്ങളില്‍ ഏറ്റവും അത്യാവശ്യമായ സാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്ത്തിവെക്കുകയോ വില കൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ ഒരു കോടി റിയാല്‍ വരെ പിഴ ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യുഷന്‍ അറിയിച്ചു. വാണിജ്യ, വ്യവസായിക, കാര്‍ഷിക ഉല്‍പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും അനാവശ്യ മത്സരം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം മുന്‍കരുതലിന്റെ ഭാഗമായി സാനിറ്റൈസര്‍, ഫേസ് മാസ്‌കുകള്‍ എന്നിവയ്ക്കായി ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളെയും ഫാര്‍മസികളെയും വന്‍തോതില്‍ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ ഫേസ്മാസ്‌കിനൊക്കെ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം ഞെട്ടിക്കുന്ന രീതിയില്‍ വിലയുയര്‍ത്തി വില്‍ക്കാനുള്ള ശ്രമങ്ങളെ കുറിച്ചും കൂടാതെ ഉല്‍പന്നങ്ങള്‍ മനഃപൂര്‍വം പൂഴ്ത്തിവെച്ച് ദൗര്‍ലഭ്യമാണ് എന്ന അവസ്ഥ സൃഷ്ടിച്ച് അസാധാരണമായി വിലകൂട്ടി വില്‍ക്കാനുള്ള ഉപജാപക ശ്രമങ്ങള്‍ നടക്കുന്നതായി വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

വില കൂട്ടാനോ കുറയ്ക്കാനോ ഉപജാപകം നടത്തുന്നതും ഗുരുതര കുറ്റമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റും വിപണിയില്‍ വലിയ ആവശ്യമുണ്ടാകുകയും എന്നാല്‍ പലതിനും ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ വില വര്‍ധിപ്പിക്കുകയോ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നതിന് വേണ്ടി പൂഴ്ത്തി വെക്കുകയോ ചെയ്യുന്ന പ്രവണത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

Comments are closed.