Ultimate magazine theme for WordPress.

മദ്യപിച്ചെത്തി വഴക്കിടുന്ന മകനെ തലയില്‍ കരിങ്കല്ലിട്ടു കൊലപ്പെടുത്തിയ പിതാവ് പൊലീസില്‍ കീഴടങ്ങി

പാലക്കാട് : മദ്യപിച്ചെത്തി വഴക്കിടുന്ന മകനെ തലയില്‍ കരിങ്കല്ലിട്ടു കൊലപ്പെടുത്തിയ പിതാവ് പൊലീസില്‍ കീഴടങ്ങി. പൊതിക്കല്‍ 3 സെന്റ് കോളനിയില്‍ താമസിക്കുന്ന മുരുകേശനെ (33) യാണ് പിതാവ് ജ്യോതി (60) ആണു കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൂലിപ്പണിക്കു പോകുന്ന മുരുകേശന്‍ രാത്രിയില്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവാണ്.

കഴിഞ്ഞ ദിവസം രാത്രിയും മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും മുരുകേശന്റെ അമ്മ വീരമ്മാളിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീടു വീടിനു പുറത്തു കിടന്നുറങ്ങിയ മുരുകേശനെ കരിങ്കല്ല് തലയിലിട്ടു ജ്യോതി രാവിലെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു പ്രതി പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു കീഴടങ്ങി. തന്നെയും ഭാര്യയെയും കൊല്ലുമെന്ന മുരുകേശന്റെ ഭീഷണിയെ തുടര്‍ന്നാണു മകനെ കൊലപ്പെടുത്തേണ്ടിവന്നതെന്നാണു ജ്യോതി പൊലീസിനു മൊഴി നല്‍കിയത്.

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതു പതിവായതോടെ മുരുകേശന്റെ ഭാര്യ 5 മാസം മുന്‍പു സ്വന്തം വീട്ടിലേക്കു പോയിരുന്നു. മഹാലക്ഷ്മി, ശിവകാര്‍ത്തികേയന്‍ എന്നീ മക്കളുണ്ട്. പ്രമേഹം ബാധിച്ച് ഇരു കാല്‍പാദങ്ങളും മുറിച്ചുമാറ്റിയ ജ്യോതി വര്‍ഷങ്ങളായി സ്‌കൂട്ടറില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണു കുടുംബം നോക്കിയിരുന്നതെന്നു പൊലീസ് പറയുന്നു. അതേസമയം മുരുകേശന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു.

Comments are closed.