നിര്‍ഭയ കേസ് പ്രതി അക്ഷയ്കുമാര്‍ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി അക്ഷയ്കുമാര്‍ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തി. പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റാനിരിക്കെ ഇയാളെ തൂക്കിലേറ്റുന്നതിന് മുന്‍പ് വിവാഹമോചനം നല്‍കണമെന്നാണ് ഭാര്യ പുനിത സിങ്ങിന്റെ ആവശ്യം. തുടര്‍ന്ന് ബിഹാര്‍ ഔറംഗബാദിലെ കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അക്ഷയ്കുമാറിനെ തൂക്കിലേറ്റുന്നതോടെ താന്‍ വിധവയാകുമെന്ന് കാണിച്ചാണ് ഇവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദുവിവാഹ നിയമപ്രകാരം ഭാര്യയ്ക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ടെന്ന് വകുപ്പ് 13(2)()ല്‍ പറയുന്നതായി പുനിതയുടെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം ഭര്‍ത്താവ് നിരപരാധിയാണെന്നും എന്നാല്‍, ഭര്‍ത്താവ് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത പറഞ്ഞു. തന്റെ കക്ഷിക്ക് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുന്നതാണ്.

Comments are closed.