കോവിഡ് 19 : ബാങ്കിടപാട് പരമാവധി ഡിജിറ്റലായി നടത്തണമെന്ന് റിസര്‍വ് ബാങ്ക്

കൊച്ചി : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബാങ്കിടപാട് പരമാവധി ഡിജിറ്റലായി നടത്തണമെന്ന് ഇടപാടുകാരെ പ്രേരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എല്ലാ ബാങ്കുകളും ബിസിനസ് തുടര്‍ച്ചാ പദ്ധതിക്ക് (ബിസിപി) രൂപം നല്‍കണം. ഈ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്കു രോഗം പടരുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും രോഗലക്ഷണം കണ്ടാല്‍ നടപടി സ്വീകരിക്കണം.

ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കേണ്ടി വന്നാല്‍ പകരം ജീവനക്കാരെ നിയോഗിച്ച് തുടര്‍ച്ച ഉറപ്പാക്കേണ്ടതുമാണ്. കൂടാതെ കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാ തലത്തിലുമുള്ള ജീവനക്കാരെ ബോധവാന്‍മാരാക്കണം. ആര്‍ക്കെങ്കിലും രോഗമുണ്ടെന്നു സംശയമുണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.

വായ്പകളുടെ തിരിച്ചടവും ബാങ്കില്‍ പണത്തിന്റെ ലഭ്യതയും പരിശോധിക്കണം. എല്ലാ ബാങ്കിലും കോവിഡ് നേരിടാന്‍ ഒരു ദ്രുത പ്രതികരണ ടീം (ക്വിക് റെസ്‌പോണ്‍സ് ടീം) ഉണ്ടാവണം. മാനേജ്‌മെന്റിന് അന്നത്തെ സംഭവ വികാസങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പുറത്തെ മറ്റു സ്ഥാപനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാനും അവര്‍ക്കു ബന്ധപ്പെടാനും ഒരു വ്യക്തിയെ പ്രത്യേകമായി നിയോഗിക്കേണ്ടതുമാണ്.

Comments are closed.