സിയാസ് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ തായ്ലന്ഡ് വിപണിയില് പുറത്തിറക്കി സുസുക്കി
സിയാസ് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ തായ്ലൻഡ് വിപണിയിൽ പുറത്തിറക്കി സുസുക്കി. 2018-ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഒരു മിഡ് ലൈഫ് ഫെയ്സ്ലിഫ്റ്റിന് സമാനമാണ് ഇതെന്നത് ശ്രദ്ധേയമാണ്.
മുഖംമിനുക്കലിന് പുറമെ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.25 ലിറ്റർ എഞ്ചിനും സുസുക്കി സിയാസിന് ലഭിക്കുന്നു. എന്നാൽ വാഹനത്തിന്റെ കരുത്തിൽ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. നേരത്തെ ഉത്പാദിപ്പിച്ചിരുന്ന 90 bhp പവർ തന്നെയാണ് ഫെയ്സ്ലിഫ്റ്റിലും ഒരുക്കിയിരിക്കുന്നത്.
എന്നാൽ എഞ്ചിൻ തായ് വാഹനങ്ങൾ സ്വീകരിക്കേണ്ട E20 കംപ്ലയിന്റാണെന്നത് ശ്രദ്ധേയമാണ്. ഇവയൊഴിച്ചു നിർത്തിയാൽ കാര്യമായ മറ്റ് മാറ്റങ്ങളൊന്നും സി-സെഗ്മെന്റ് സെഡാന് ലഭിച്ചിട്ടില്ല. ഡിസൈൻ മാറ്റങ്ങളോടെ ജാപ്പനീസ് നിർമ്മാതാവ് സിയാസിന് നേരിയ മുഖം നൽകി.
ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ഹെഡ്ലാമ്പുകളുമായി ബന്ധിപ്പിക്കുന്ന ഷാർപ്പ് ഫ്രണ്ട് ഗ്രിൽ, ക്രോം ആക്സന്റഡ് ഫോഗ് ലാമ്പ് ഹൗസിംഗ് ഉള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, നടുക്ക് വിശാലമായ എയർ ഇൻലെറ്റുകൾ തുടങ്ങിയവ കാറിന് ലഭിക്കുന്നു.
2020 സുസുക്കി സിയാസിന്റെ പിൻഭാഗത്ത് ക്രോം ഘടകങ്ങൾ നൽകിയ ബമ്പർ സൂക്ഷ്മ ഡിസൈൻ നവീകരണങ്ങളും നേടുന്നു. ഏറ്റവും ഉയർന്ന വകഭേദത്തിൽ സിയാസിൽ സ്പോർട്ടി സ്കിഡ് പ്ലേറ്റുകളും ബ്രേക്ക് ലൈറ്റ് ഉള്ള ഒരു ട്രങ്ക് സ്പോയ്ലറും വാഗ്ദാനം ചെയ്യുന്നു. 16 ഇഞ്ച് അലോയ് വീലുകൾ നിലവിലുള്ള മോഡലിന് സമാനമാണ്. അളവുകളിൽ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന സിയാസിന് 565 ലിറ്റർ ബൂട്ട്സ്പേസാണ് നൽകിയിരിക്കുന്നത്.
അകത്തളത്തെ പരിഷ്ക്കരണങ്ങളിൽ സിയാസിനെ അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയമാക്കി മാറ്റിയിട്ടുണ്ട് സുസുക്കി. ഇത് തീർച്ചയായും അതിന്റെ ആയുസ് വർധിപ്പിക്കാൻ സഹായിക്കും. ഇന്റീരിയറിൽ ഫെയ്സ്ലിഫ്റ്റ് ചെയ്ത സിയാസ് ഇന്ത്യൻ മോഡലിലെ ബീജ് നിറത്തിന് വിരുദ്ധമായി കറുത്ത നിറത്തിലുള്ള തീമാണ് അലങ്കരിക്കുന്നത്.
ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പുതിയ ലെതർ സീറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, റിയർ എസി വെന്റുകൾ, പോളൻ ഫിൽട്ടർ, ഏഴ് ഇഞ്ച് വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും തായ്ലൻഡിൽ സുസിക്കി സിയാസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക്, ബ്ലൂടൂത്ത്, നാവിഗേഷൻ ഓപ്ഷനുകൾ എന്നിവ പ്രവർത്തനക്ഷമമാക്കുന്നു. ആറ് സ്പീക്കർ ഓഡിയോ, മൗണ്ട് കൺട്രോൾ ഉള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ.
ഇത് ആറ് വ്യത്യസ്ത പെയിന്റ് സ്കീമുകളിലാണ് തായ് വിപണിയിൽ എത്തുന്നത്. വിലകൾ 523,000 ബാത്തിനും (12.03 ലക്ഷം രൂപ) 675,000 ബാത്തിനുമാണ് (15.53 ലക്ഷം രൂപ). വിപണിയിൽ എത്തുന്നത്.
Comments are closed.