സംസ്ഥാനത്തെ വായ്പകള്‍ക്ക് തിരിച്ചടവില്‍ അടുത്ത ജനുവരി 31 മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കേഴ്‌സ് സമിതിയോഗം

തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംസ്ഥാനത്തെ വായ്പകള്‍ക്ക് തിരിച്ചടവില്‍ അടുത്ത ജനുവരി 31 മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയോഗം തീരുമാനിച്ചു. അതേസമയം റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് ശേഷമേ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളു. എന്നാല്‍ വായ്പ ക്രമീകരണവും മൊറട്ടോറിയവും ഇക്കഴിഞ്ഞ ജനുവരി 31 വരെ കിട്ടാക്കടമാകാത്ത വായ്പകള്‍ക്ക് മാത്രമേ അനുവദിക്കൂ. അടുത്തവര്‍ഷം ജനുവരി 31 ന് ശേഷം വായ്പകള്‍ പുന:ക്രമീകരിക്കും.

ഈ വര്‍ഷം അടയ്ക്കാതിരിക്കുന്ന അത്ര തവണകള്‍ കാലാവധിക്ക് ശേഷം കൂട്ടി നല്‍കും. ഇപ്പോള്‍ അടയ്കാതിരിക്കുന്ന പലിശയും കൂടി കണക്കിലെടുത്താകും വായ്പ പുന: ക്രമീകരിക്കുന്നത്. എന്നാല്‍ പലിശ ഒഴിവാക്കില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ എല്ലാ വിഭാഗം അക്കൗണ്ട് ഉടമകള്‍ക്കും മൊറട്ടോറിയത്തിന്റെയും വായ്പ ക്രമീകരത്തിന്റെയും ആനുകൂല്യം ലഭിക്കുന്നതാണ്.

അതേസമയം ബാങ്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കാനും തിരിച്ചടവ് ക്രമീകരിക്കാനും അടിസ്ഥാനമാക്കുന്ന ദുരന്തങ്ങളുടെയും മറ്റും 12 ഇന പട്ടികയില്‍ ഇത്തരം രോഗം (പാന്‍ഡെമിക് ) ഇല്ലെന്ന സാങ്കേതിക പ്രശ്‌നമുണ്ട്. നേരത്തേ,പക്ഷിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ കോഴിക്കൃഷിക്കാരുടെ വായ്പകള്‍ക്ക് ആനുകൂല്യം അനുവദിച്ചിരുന്നു.

Comments are closed.