ടെലികോം കമ്പനികള്‍ക്ക് കുടിശിക തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് കുടിശിക തിരിച്ചടയ്ക്കാന്‍ സാവകാശം 20 വര്‍ഷത്തെ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പണം അടയ്ക്കാന്‍ സാവകാശം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, എം.ആര്‍.ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയെക്കാള്‍ അധികാരം തങ്ങള്‍ക്കുണ്ടെന്ന ധാരണ ടെലികോം കമ്പനികള്‍ക്കുണ്ടോ എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചിരുന്നു.

തുടര്‍ന്ന് കോടതിയുടെ അന്തസിനെയാണ് ടെലികോം കമ്പനികള്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉത്തരവ് വ്യക്തമാണ്. അടയ്ക്കേണ്ട കുടിശികയുടെ കാര്യത്തില്‍ പുനര്‍ ചിന്തയില്ല. 2019 ഒക്ടോബര്‍ 24ലെ കോടതി ഉത്തരവില്‍ ഒരു മാറ്റവും ഇല്ല. 20 വര്‍ഷമായി സര്‍ക്കാരിന് നഷ്ടമായി കിടക്കുന്ന പൊതു പണത്തിന്റെ കാര്യമാണിത്. ഇനി ഇത്തരം പ്രവൃത്തികള്‍ ഉണ്ടായാല്‍ കോര്‍ട്ടലക്ഷ്യത്തിന് ജയിലില്‍ പോകേണ്ടി വരുമെന്ന് ടെലികോം കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാരെ ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് ചെയ്തു.കുടിശിക അടയ്ക്കുന്നതിന് മറ്റ് പരിഹാരങ്ങളൊന്നും ഇല്ല.

ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത പണം ടെലികോം കമ്പനികളുടെ പക്കല്‍ ധാരാളമുണ്ട്. അതില്‍ ഒരംശം മതി കുടിശിക അടയ്ക്കാനെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. അതേസമയം പകുതിയോളം രൂപ അടച്ചെന്നും കുറച്ച് സാവകാശം അനുവദിക്കണമെന്നുമാണ് ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവയുടെ അഭിഭാഷകരായ അഭിഷേക് സിംഗ്വി, കപില്‍ സിബല്‍ എന്നിവര്‍ വാദിച്ചപ്പോള്‍ 2019 ഒക്ടോബര്‍ 24ലെ കോടതി വിധിയെ തെറ്റിദ്ധാരണകള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് വോഡഫോണിന്റെ അഭിഭാഷകന്‍ മുഗള്‍ റോഹ്തഗി വാദിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയാണ് കുടിശിക പിരിക്കാന്‍ കോടതി ടെലികോം മന്ത്രാലയത്തിന് അനുവദിച്ചിരിക്കുന്നത്.

Comments are closed.