മധ്യപ്രദേശ് സര്‍ക്കാരിന് വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. കൂടാതെ എംഎല്‍എമാരെ ബന്ദിയാക്കിവെച്ചിരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും കോടതിയിലുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറോട് ഇന്ന് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം എംഎല്‍എമാരെ ബന്ദിയാക്കിവെച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. കമല്‍നാഥിന് അധികാര കൊതിയാണ് എന്നായിരുന്നു അതിന് ബിജെപി പ്രതികരിച്ചത്. അതേസമയം ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. അതിനിടെ, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും കൂടാതെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.

Comments are closed.