മാഹിയില്‍ 142 പേര്‍ നിരീക്ഷണത്തില്‍ ; കോവിഡ് സ്ഥിരീകരിച്ച ചാലക്കര സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

മാഹി : കോവിഡ് 19 സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും വിദേശ രാജ്യങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ എത്തിയവരും ഉള്‍പ്പെടെ മാഹിയിലെ 142 പേരോടു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പുതുച്ചേരി ആരോഗ്യവകുപ്പും നിര്‍ദേശിച്ചു. ഇവരില്‍ മാഹി ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരും 2 ജീവനക്കാരും ഉള്‍പ്പെടുന്നു. അതേസമയം മാഹി ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കര സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമെന്നു പുതുച്ചേരി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവരുമായി അടുത്ത് ഇടപഴകിയിരുന്ന മകന്റെ ഭാര്യയും ഇവിടെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ ഉംറ കഴിഞ്ഞെത്തിയ 69കാരിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ക്കൊപ്പം പോയിരുന്ന മകന്റെ ഭാര്യാപിതാവ്, ടാക്‌സി ഡ്രൈവര്‍, തലശ്ശേരിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുപോയ ഓട്ടോറിക്ഷാ ഡ്രൈവര്‍, ഉംറ സംഘത്തിലുണ്ടായിരുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ 9 പേരോടു വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ കേരള ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.

Comments are closed.