കൊവിഡ് 19 : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി : കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. കൂടാതെ മാര്‍ച്ച് 19നും 31നും ഇടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐഎസ്‌സി, ഐസിഎസ്സി പരീക്ഷകളും മാറ്റി. ഐസിഎസ്‌സിക്ക് മൂന്നും ഐഎസ്ഇക്ക് ഒരു പരീക്ഷയും ബാക്കിയുണ്ട്. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ തുടങ്ങിയ പരീക്ഷകളും മാറ്റിയിരിക്കുകയാണ്.

അതേസമയം ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യകതമാക്കി. അതേസമയം തിയറി, പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റി.

എന്നാല്‍ സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളുടെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. കൂടാതെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയും എംജി സര്‍വകലാശാലയും വ്യക്തമാക്കി.

Comments are closed.