മലപ്പുറത്ത് നഗരസഭാ പരിധിയില്‍ മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി നഗരസഭ കൗണ്‍സില്‍

മലപ്പുറം: കൊറോണ വ്യാപിക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് നഗരസഭാ പരിധിയില്‍ ഈ മാസം 31 വരെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് നഗരസഭ കൗണ്‍സില്‍. മദ്യശാലകളില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്, ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തില്‍ വൈറസ് വ്യാപിക്കുന്നതിനെ തടയാനാവില്ലെന്ന് കാട്ടി കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ കത്ത് നല്‍കിയതിനെത്തുടര്‍ന്ന് കൗണ്‍സില്‍ ചര്‍ച്ചയില്‍ വിഷയം പരിഗണിക്കുകയായിരുന്നു.

എന്നാല്‍, തീരുമാനം പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഇത് രാഷ്ട്രീയപരമായി മാത്രമുള്ള നീക്കമാണെന്നും ജനങ്ങളുടെ നന്മ കരുതിയുള്ള തീരുമാനമല്ലെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് യോഗത്തില്‍ വാദമുയര്‍ന്നെങ്കിലും നോട്ടീസ് നല്‍കാന്‍ നിയമപ്രകാരം കഴിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. അതേസമയം യോഗത്തിനൊടുവില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു.

Comments are closed.