റാങ്‌ലര്‍ റുബിക്കണിന്റെ രണ്ടാമത്തെ ബാച്ചിന്റെ വിതരണം 2020 മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് ജീപ്പ്

ഇന്ത്യൻ വിപണിയിൽ ചൂടപ്പംപോലെ വിറ്റഴിക്കുകയാണ് പുതിയ ജീപ്പ് റാങ്ലർ റുബിക്കൺ. ഈ മാസം ആദ്യമാണ് മോഡലിന്റെ പരിമിതമായ യൂണിറ്റുകളെ കമ്പനി രാജ്യത്ത് പുറത്തിറക്കിയത്. ആദ്യ ബാച്ച് റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റുപോയതായും വാഹനത്തിന്റെ ഗണ്യമായ എണ്ണം ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഉടൻ എത്തിക്കാൻ തയാറാണെന്നും കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

64.98 ലക്ഷം രൂപയാണ് ജീപ്പ് റാങ്‌ലർ റുബിക്കണിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. മാര്‍ച്ച് 15 മുതലാണ് വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചതും. രണ്ടാമത്തെ ബാച്ചിന്റെ വിതരണം 2020 മെയ് മാസത്തിൽ ആരംഭിക്കുമെന്നും ജീപ്പ് ഇപ്പോൾ പ്രഖ്യാപിച്ചു. ഇരുപതോളം യൂണിറ്റുകൾ അടങ്ങിയതാകും രണ്ടാം ബാച്ച്.

ഇതിനകം രണ്ടാമത്തെ ബാച്ചിലെ റുബിക്കോണുകൾക്ക് പത്തോളം ബുക്കിംഗുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസിനെ സംബന്ധിച്ചിടത്തോളം, റാങ്‌ലർ പ്രതീക്ഷിച്ചതിലും കൂടുതൽ വിജയമാണ് നേടിയത്. CBU വിൽപ്പനയുടെ 67 ശതമാനവും ഓഫ്-റോഡ് പതിപ്പിനാണ്. റാങ്‌ലറിന്റെ 220 യൂണിറ്റുകൾ 2016 ൽ ജീപ്പ് ഇന്ത്യ വിറ്റഴിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റിൽ ബി‌എസ്-IV മോഡലായി കൊണ്ടുവന്ന റാങ്‌ലർ സഹാറയിൽ നിന്ന് വ്യത്യസ്തമായി, റുബിക്കോൺ ബി‌എസ്-VI ന് അനുസൃതമായുള്ളതാണ് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. എസ്‌യുവിയുടെ അഞ്ച് ഡോറുകളുള്ള പതിപ്പാണ് രാജ്യത്ത് വിൽപ്പനക്കെത്തുന്നത്.

രണ്ട് കാറുകളും 268 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ, 8- സ്പീഡ് ഓട്ടോമാറ്റിക് ആണെങ്കിലും റുബിക്കോണിന് സ്റ്റാൻഡേർഡ് റുബിക്കോണിന്റെ ഓഫ്-റോഡ് റണ്ണിംഗ് ഗിയറിന്റെ നവീകരിച്ച പതിപ്പ് ലഭിക്കുന്നു. ജീപ്പിന്റെ കൂടുതൽ നൂതന റോക്ക്ട്രാക്ക് 4×4 ഓൾ-വീൽ ഡ്രൈവ് യൂണിറ്റുമാണ് എസ്‌യുവിയുടേത്.

ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ഓഫ് റോഡിംഗ് എസ്‌യുവികളിൽ ഒന്നാണ് ജീപ്പ് റുബിക്കൺ. 4: 1 4LO ലോ-റേഞ്ച് ഗിയർ അനുപാതമുള്ള രണ്ട്-സ്പീഡ് ട്രാൻസ്ഫർ കേസ് ഉൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു.

കാഴ്ചയിലോ രൂപകൽപ്പനയിലേ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാൻ സാധിക്കില്ലെങ്കിലും ഫീച്ചറുകളിലാണ് പ്രകടമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റുബിക്കണ്‍ സ്റ്റിക്കറുകളാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും പുതിയ മോഡലിനെ വേറിട്ടു നിർത്തുന്നത്. 217 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് കാറിന്റെ പ്രധാന സവിശേഷത.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ പോലെ മടക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, നീക്കം ചെയ്യാവുന്ന മേൽക്കൂര, ഡോറുകള്‍ എന്നിവയൊക്കെ റുബിക്കണ്‍ മോഡലിനും ജീപ്പ് നല്‍കിയിട്ടുണ്ട്. 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിമെന്റ് സിസ്റ്റം കാറിന്റെ ഇന്റീരിയറിനെ ആകർഷകമാക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ എന്നിവയുടെ പിന്തുണയും ഇതിനുണ്ട്.

Comments are closed.