നിര്‍ഭയയ്ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു ; ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് ആശാ ദേവി

ദില്ലി: നിര്‍ഭയ കേസില്‍ തിഹാര്‍ ജയിലില്‍ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ശേഷം നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിക്കുകയാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. മകള്‍ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവള്‍ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും ആശാ ദേവി പറയുന്നു.

”നിര്‍ഭയയുടെ അമ്മ’ എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങള്‍ ഇപ്പോള്‍ വിളിക്കുന്ന പേരില്ലേ? ‘നിര്‍ഭയ’ എന്ന്? അതായിരുന്നു അവള്‍. ഭയമില്ലാത്തവള്‍. അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല. പക്ഷേ, അവള്‍ക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടി ഞാനിതാ പറയുന്നു. ‘ഒടുവില്‍ എന്റെ മകള്‍ക്ക് നീതി ലഭിച്ചു’. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്. ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകള്‍ എനിക്കൊപ്പമുണ്ടായിരുന്നു”, എന്ന് ആശാദേവി പറയുന്നു.

Comments are closed.