ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരുമെന്ന് നിര്‍ഭയയുടെ അമ്മ

ദില്ലി: മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയതിന് ശേഷം ഏഴ് വര്‍ഷത്തിനപ്പുറം മകള്‍ക്ക് നീതി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് നിര്‍ഭയയുടെ അമ്മ ആശാദേവി.

നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. അവസാനം ഞങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നും ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരുമെന്നും ആശാദേവി പറയുന്നു. ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞു. ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സര്‍ക്കാരിന് എല്ലാവര്‍ക്കും.

അവരുടെ എല്ലാ ഹര്‍ജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടില്‍ തലകുനിച്ച വര്‍ഷമായിരുന്നു 2012. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് മകള്‍ക്ക് നീതി ലഭിച്ച പുത്തന്‍ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെണ്‍മക്കള്‍ക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു.- ആശാദേവി പറഞ്ഞു.

Comments are closed.