കൊറോണ : പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ന്ന് എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും മറ്റുള്ളവരെയും ബോധവല്‍ക്കരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെ മാതൃകാപരമായാണ് വിലയിരുത്തുന്നത് എന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ഇത്തരമൊരു കര്‍ഫ്യൂവിന് ഞായറാഴ്ചയാണ് എറ്റവും നല്ലതെന്നും പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ മറ്റു സംവിധാനങ്ങളില്ല, ഇതിനായി വാക്സിനുകളും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട്് തന്നെ എല്ലാവരുടെയും സഹകരണം ജനതാ കര്‍ഫ്യൂവിന് ആവശ്യമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് ഇതുവരെ 173 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Comments are closed.