നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ആറ് പൊലീസുകാര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം എഎസ്‌ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവര്‍ക്കാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്. വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റ് 14നാണ് പൊലീസുകാര്‍ പ്രതികളായ കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം വന്നത്. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Comments are closed.