കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍

മോസ്‌കോ : കോവിഡ് രോഗിയില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ നിന്ന് കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌മോറോഡിന്‍സ്റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും ഇതു കൈമാറി. ഞങ്ങള്‍ക്കിത് പുതിയ കൊറോണ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണ്. പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ദിമിത്രി ലിയോസ്‌നോവ് വ്യക്തമാക്കി.

വൈറസ് എങ്ങനെയാണു റഷ്യയുടെ അതിര്‍ത്തി കടന്നതെന്നു കണ്ടുപിടിക്കേണ്ടതു വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം 2019 ഡിസംബര്‍ അവസാനമാണ് മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ന്യൂമോണിയ പടര്‍ന്നു പിടിക്കുന്നതായി ചൈന അറിയിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 11ന് കോവിഡിനെ പകര്‍ച്ച വ്യാധിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുകയായിരുന്നു.

Comments are closed.