ബിഎസ്-IV ഡ്യൂക്ക് 250-യില്‍ 40,000 രൂപയുടെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് കെടിഎം

രാജ്യത്ത് നിലവിൽ വരാനിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ എല്ലാ മോഡലുകളെയും പരിഷ്ക്കരിച്ച് ഇതിനോടകം വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം.

നവീകരിച്ച് വിപണിയിൽ എത്തിയതിൽ ഏറ്റവും ശ്രദ്ധ നേടിയ ബൈക്കുകളിൽ ഒന്നാണ് ഡ്യൂക്ക് 250. എന്നാൽ മോഡലിന്റെ ബിഎസ്-IV പതിപ്പുകൾ ഇപ്പോഴും പൂർണമായും വിറ്റഴിക്കാൻ കെടിഎമ്മിന് സാധിച്ചിട്ടില്ല. അതിനാൽ ബൈക്കിന്റെ പഴയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്-IV പതിപ്പിന് 1.97 ലക്ഷം രൂപയാണ് കിഴിവില്ലാതെയുള്ള എക്സ്ഷോറൂം വില. എന്നാൽ ഇപ്പോൾ 40,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ബിഎസ്-IV ഡ്യൂക്ക് 250-യിൽ കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ഷോറൂമുകളിലൂടെ മാത്രമാണ് ഈ ആനുകൂല്യം കമ്പനി നൽകുന്നത്.

പുതിയ ബിഎസ്-VI മോഡലുകൾക്ക് 2.00 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്കിന് ലഭിച്ച പരിഷ്ക്കരണങ്ങൾ കണക്കിലെടുക്കുമ്പോൾ ചെറിയ വർധനവ് മാത്രമാണ് കെടിഎം നൽകിയിരിക്കുന്നത്. ഡ്യൂക്ക് 200-നും ഡ്യൂക്ക് 390-ക്കും ഇടയിലുള്ള വിടവ് നികത്തുകയായിരുന്നു ഡ്യൂക്ക് 250-യിലൂടെ കെടിഎം ലക്ഷ്യംവെച്ചത്.

സിംഗിൾ സിലിണ്ടർ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിൽ 248.8 സിസി, 4-വാൽവ്, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ DOHC എഞ്ചിൻ 9,000 rpm-ൽ പരമാവധി 30 bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റഡ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ലഭിച്ച നവീകരണത്തോടെ കെടിഎം ഡ്യൂക്ക് 250-യിൽ ഇരട്ട ചാനൽ എബിഎസ് ഇടംപിടിച്ചു. മുൻവശത്ത് 300 mm ഡിസ്‌കും 4 പിസ്റ്റൺ കോളിപ്പറുകളും പിന്നിൽ 230 mm യൂണിറ്റും ബ്രേക്കിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. പൗഡ‍‍ര്‍ കോട്ട‍ഡ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് മോട്ടോർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്.

ബൈക്കിന്റെ മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സസ്പെൻഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യൂക്ക് 390-യിൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുൾപ്പടെ ചാസി, സ്വിംഗാർം തുടങ്ങി മറ്റ് ഘടകങ്ങളും കടമെടുക്കുന്നു. എന്നാൽ 390 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരണവും ഡ്യൂക്ക് 250-യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പകരം ക്ലസ്റ്ററും വ്യത്യസ്‌ത ഹാലോജൻ ഹെഡ്‌ലാമ്പും ഡ്യൂക്ക് 200-ൽ കാണുന്നതുപോലെയുള്ള പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് 250 ഡ്യൂക്കിന് ലഭിക്കുന്നത്. പുതിയ ബിഎസ്-VI മോഡലിൽ പുതിയ കളർ സ്‌കീമുകളാണ് കെടിഎം അവതരിപ്പിക്കുന്നത്.

Comments are closed.