കളക്ടർ ബ്രോയുടെ ചടുലമായ നീക്കം ; കൊല്ലം നഗരത്തിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും വരുന്നു സർവെയ്‌ലൻസ്

കൊല്ലം: നഗരങ്ങളിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും കോവിഡിനെ തുരത്താൻ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നു. കൊറോണയെ നേരിടാനായി സർവ്വസജ്ജമായ തയ്യാറെടുപ്പുകളാണ് ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ വാര്‍ഡ് തലത്തില്‍ സര്‍വെയ്‌ലന്‍സ് ടീം രൂപീകരിച്ചു.

ജനമൈത്രി പൊലീസ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തകർ, ഹെല്‍ത്ത് വോളന്റിയര്‍, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ അടങ്ങുന്നതാണ് സര്‍വെയ്‌ലന്‍സ് ടീം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ പഞ്ചായത്തുതല മോണിറ്ററിംഗ് നടത്തും. മെഡിക്കല്‍ ഓഫീസര്‍ ഓരോ ദിവസവും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കും.

അടിയന്തര സാഹചര്യത്തില്‍ ഏതു നിമിഷവും ഉപയോഗിക്കുന്നതിനായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കും. കൊറോണ സംബന്ധമായ വാര്‍ഡ്തല അവലോകന റിപ്പോര്‍ട്ട് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്നിനകം ജില്ലയിലേക്ക് അയക്കണം.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരി ആയിരിക്കും. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പങ്കെടുക്കണം. ഇതു കൂടാതെ വകുപ്പുതല പ്ലാനിങ് മീറ്റിങ് കൃത്യമായി നടത്തണം.

ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കും. ഇവിടെ പരിചയ സമ്പന്നരായ കൗണ്‍സിലേഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തും.
കൊറോണ ഭീഷണി നേരിടുന്നതിന് 18 വിവിധ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.ഇവർ കലക്ടറുടെ നേതൃത്വത്തിലുള്ള കോവിഡ് – 19 സ്‌പെഷ്യല്‍ സെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.സർക്കാർ നിയന്ത്രണങ്ങൾ പൊതു ജനങ്ങൾ കൃത്യതയോടെ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കളക്ടർ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.