കേരളത്തില്‍ സമൂഹ വ്യാപനമുണ്ടായാല്‍ രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയില്‍ ആരോഗ്യരംഗം ആശങ്കയില്‍

തിരുവനന്തപുരം: കേരളത്തില്‍ സമൂഹ വ്യാപനമുണ്ടായാല്‍ രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയില്‍ ആശങ്കയിലാവുകയാണ് ആരോഗ്യരംഗം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കായി കേരളത്തിലുള്ളത് ആകെ 314 വെന്റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്.

എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാരിനൊപ്പം ചേരാന്‍ സ്വകാര്യ ആശുപത്രികളും സന്നദ്ധത പ്രകടിപ്പിക്കുകയാണ്. അതേസമയം അത്യാഹിത സാഹചര്യം നേരിടാന്‍ സംസ്ഥാനത്തെമ്പാടും കൂടുതല്‍ കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍,പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിലുള്ളവയാണ്.

അതേസമയം അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. അതേസമയം കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് ലഭിക്കും.

Comments are closed.