ലോക്ക് ഡൗണിനോട് ആളുകള്‍ നീതി പുലര്‍ത്തുന്നില്ല ; പത്തനംതിട്ടയില്‍ ഉടന്‍ തന്നെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് കളക്ടര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനോട് സഹകരിച്ച ജനങ്ങള്‍ സംസ്ഥാനത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഇന്നുമുതല്‍ ആരംഭിച്ചിരിക്കുന്ന ലോക്ക് ഡൗണിനോട് നീതി പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. പോലീസ് നിരീക്ഷണം ശക്തമാണെങ്കിലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ധാരാളം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. എന്നാല്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനായാണ് പലരും പുറത്തിറങ്ങുന്നതെന്നാണ് പോലീസിനോട് കാരണമായി പറയുന്നത്.

അടുത്ത രണ്ടാഴ്ച സംസ്ഥാനം വളരെ ഭീതിയോടെയാണ് നോക്കികാണുന്നത്. ഈ സാഹചര്യത്തിലാണ് ആളുകള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നത്. ബസ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് സ്വകാര്യവാഹനങ്ങളുമായി ആളുകള്‍ പുറത്തിറങ്ങുന്നത്. അതേസമയം കൊല്ലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്തതിനാല്‍ തന്നെ നിരത്തുകളില്‍ ഒട്ടേറെ വാഹനങ്ങളുണ്ട്.

തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങി. എന്നാല്‍ ലോക്ക്ഡൗണിനെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂവെന്നും പത്തനംതിട്ടയില്‍ ഉടന്‍ തന്നെ സിപിആര്‍പിസി പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി.

Comments are closed.