ഇംപെരിയാലെ 400 ബൈക്കിന്റെ ബിഎസ്-VI പതിപ്പ് ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍

ബെനലിയുടെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഇംപെരിയാലെ 400. റെട്രോ ക്ലാസിക് രൂപത്തില്‍ ഒരുങ്ങിയിരിക്കുന്ന ബൈക്കിന്റെ ബിഎസ്-VI പതിപ്പ് ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെത്തും. നിലവിൽ 1.79 ലക്ഷം രൂപയാണ് ഇംപെരിയാലെയുടെ എക്‌സ്‌ഷോറൂം വില.

ഇതൊരു ആധുനിക ക്ലാസിക് മോട്ടോർസൈക്കിളാണ്. അതിനാൽ എഞ്ചിൻ പരിഷ്ക്കരണത്തിനൊപ്പം കാര്യാമായ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളൊന്നും വാഹനത്തിന് ലഭിച്ചേക്കില്ല. 374 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫോർ-വാൽവ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400-ന് കരുത്തേകുന്നത്.

ഇത് 5,500 rpm-ൽ 20.7 bhp കരുത്തും 4,500 rpm-ൽ 29 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്. എഞ്ചിൻ ഇതിനകം ഫ്യുവൽ ഇഞ്ചക്ഷൻ ആയതിനാൽ ഉള്ളിലെ ഘടകങ്ങളിൽ നാമമാത്രമായ പരിഷ്ക്കരണങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് വിശ്വസിക്കുന്നത്.

ബൈക്കിന് ഒരു പുതിയ കാറ്റലറ്റിക് കൺവെർട്ടറും പുതിയ O2 സെൻസറും ലഭിക്കും. ഇത് ദോഷകരമായ എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾ പുറന്തള്ളുന്നത് പരിമിതപ്പെടുത്താനും ഭാരത് സ്റ്റേജ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനും മോട്ടോർസൈക്കിളിനെ സഹായിക്കും. നവീകരിച്ച ബെനലി ഇം‌പെരിയാലെ‌ 400-ന് ഏകദേശം 10,000 മുതൽ 12,000 വരെ വില വർധനവാണ് പ്രതീക്ഷിക്കുന്നത്.

41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻഭാഗത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ബൈക്കിൽ സസ്‌പെൻഷനായി സജ്ജീകരിച്ചിരിക്കുന്നത്. മുന്നിൽ ഇരട്ട പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുകളുള്ള 300 mm സിംഗിൾ ഡിസ്കും പിന്നിൽ ഡ്യുവൽ ചാനൽ എബിഎസിനൊപ്പം 240 mm റിയർ ഡിസ്കും വാഗ്ദാനം ചെയ്യുന്നു.

ഇംപെരിയാലെ 400-യുടെ അളവുകളെ സംബന്ധിച്ചിടത്തോളം 2,170 മില്ലീമീറ്റർ നീളവും 820 മില്ലീമീറ്റർ വീതിയും 1,120 മില്ലീമീറ്റർ ഉയരവുമായാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്. വീൽബേസ് 1,440 മില്ലീമീറ്ററും സീറ്റ് ഉയരം 780 മില്ലീമീറ്ററുമാണ്. ഗ്രൗണ്ട് ക്ലിയറൻസ് 165 mm ഉം ആയി ക്രമീകരിച്ചിരിക്കുന്നു. ഇന്ധന ടാങ്ക് ശേഷി 12 ലിറ്ററാണ്.

സ്‌പോക്ക് വീലുകളാണ് വാഹത്തിന് നൽകിയിരിക്കുന്നത്. കൂടാതെ മികച്ച ടാങ്ക് പാഡ്, സ്പ്ലിറ്റ് സീറ്റിംഗ്, ക്രോം എക്‌സ്‌ഹോസ്റ്റുകൾ എന്നിവയും ഇംപെരിയാലെയുടെ മേന്മകളാണ്. ഒരു റെട്രോ സ്റ്റൈൽ ബൈക്കായി ബെനലി മോഡലിനെ ഒരുക്കിയിരിക്കുന്നതിനാൽ വ്യതിരിക്തമായ വൃത്താകൃതിയിലുള്ള ഹാലോജൻ ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൈഡ് ഹാൻഡിൽബാറുകൾ എന്നിവ ലഭിക്കുന്നു. റെഡ്, ബ്ലാക്ക്, സിൽവർ എന്നീ മൂന്ന് കളർ സ്കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്.

Comments are closed.