Ultimate magazine theme for WordPress.

കൊവിഡ് 19 ബാധയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കാന്‍ തീരുമാനം

റാന്നി: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കാന്‍ തീരുമാനിച്ചു. കൂടാതെ നീരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. അതേസമയം അന്യ രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് തിരികെ വന്നവരില്‍ 274 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പുതുതായി ഏഴ് പേരെക്കൂടി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കി.

കൂടാതെ 20 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയ 4105 പേരും നിരീക്ഷണത്തിലാണ്. എന്നാല്‍ ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 24 പേര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

ഇവരെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ലഭിച്ച പത്ത് സാംപിളുകളുടെ പരിശോധനാ റിസള്‍ട്ടും നെഗറ്റീവായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി മെഴുവേലിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ക്വാറന്റെയിന്‍ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയിലേക്ക് തിരികെ പോയിരുന്നു.

Comments are closed.