കൊറോണ : ഒരുമാസത്തെ സൗജന്യ റേഷന്‍; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും ലോക്കൗട്ടിന്റെ പിടിയിലായതോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരുമാസത്തെ സൗജന്യ റേഷന്‍ നല്‍കാനും ഇതിന് പുറമേ ബിപിഎല്‍ പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

കൂടാതെ ബിപിഎല്‍ കുടുംബങ്ങള്‍ 35 കിലോ സൗജന്യ അരി നല്‍കുന്നത് തുടരുന്നതാണ്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ അരി പുതുതായി നല്‍കും. പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലാണ്. നിരീക്ഷണത്തിലുള്ളവര്‍ക്കും കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കാന്‍ തീരുമാനമുണ്ട്. അതേസമയം ഭക്ഷ്യ വസ്തുക്കളടെ വിതരണം റേഷന്‍ കടകളില്‍ എത്തിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്ത് മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് നടത്തും.

അതേസമയം രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ബാറുകളും ഏപ്രില്‍ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലറ്റുകള്‍ അടച്ചിടാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു.

എന്നാല്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണില്‍ സ്വകാര്യ ബാറുകള്‍ അടച്ചു പൂട്ടിയിരുന്നു എങ്കിലും മദ്യവില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടേണ്ട എന്നും തീരുമാനിച്ചിരുന്നു. അതേസമയം റേഷന്‍ കടകള്‍ ഇനി മുതല്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണി വരെ പ്രവര്‍ത്തിക്കില്ല. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും സമയം ക്രമീകരിച്ചു.

Comments are closed.