കൊറോണ വൈറസ് : വേര്‍ണ ഫെയ്സ്ലിഫ്റ്റിന്റെയും അവതരണം മാറ്റിവെക്കാന്‍ പദ്ധതിയിട്ട് ഹ്യുണ്ടായി

കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് വേർണ ഫെയ്‌സ്‌ലിഫ്റ്റിന്റെയും അവതരണം മാറ്റിവെക്കാൻ പദ്ധതിയിട്ട് ഹ്യുണ്ടായി. ഏപ്രിൽ അവസാനത്തോടെ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയൻ ബ്രാൻഡ് വരാനിരിക്കുന്ന വേർണയ്‌ക്കായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 25,000 രൂപയാണ് ടോക്കൺ തുകയായി ഈടാക്കുന്നത്. S, S+, SX, SX (O)എന്നിങ്ങനെ നാല് വകഭേദങ്ങളിലായാകും സെഡാൻ വിപണിയിൽ എത്തുക.

സി-സെഗ്മെന്റ് സെഡാന്റെ ശ്രേണിയിൽ പുതിയൊരു മാറ്റം വരുത്താൻ ഹ്യുണ്ടായി നിരവധി ഡിസൈനും ഇന്റീരിയർ മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ട്. റഷ്യയിൽ വിൽപ്പനക്ക് എത്തുന്ന ഏറ്റവും പുതിയ സോളാരിസിന് അനുസൃതമായാണ് ഇതിന്റെ ഡിസൈൻ പരിഷ്ക്കരണങ്ങൾ കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ഡാർക്ക് ബ്ലൂ, വൈറ്റ്, ബ്ലാക്ക്, സിൽവർ, ഗ്രേ എന്നിങ്ങനെ നാല് കളറുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക. പുറമേ, കൂടുതൽ വലിപ്പമേറിയ പുത്തൻ ഗ്രിൽ ഉപയോഗിച്ച് കാറിന്റെ മുൻവശം കൂടുതൽ ആധുനികമാക്കിയത് സ്വാഗതാർഹമാണ്.

ഇതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ അപ്പ് ഫ്രണ്ട്, റിയർ, പുതുതായി രൂപകൽപ്പന ചെയ്‌ത രണ്ട്-ടോൺ അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പ് ഗ്രാഫിക്‌സ് തുടങ്ങിയവ ഫെയ്‌സ്‌ലിഫ്റ്റ് വേർണയിൽ ഇടംപിടിക്കുന്നു.

ആഗോളതലത്തിൽ ഹ്യുണ്ടായി പിന്തുടരുന്ന സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ഭാഷ്യത്തിന് തെളിവാണ് ഈ മാറ്റങ്ങൾ. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, 2020 ഹ്യുണ്ടായി വേർണയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ് സൗകര്യം, സൺറൂഫ്, ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സിംഗ് ക്യാമറയും സെൻസറുകളും, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, തുടങ്ങിയവയും ലഭ്യമാകും.

സി-സെഗ്മെന്റ് വിഭാഗത്തിലെ കേമനായ മാരുതി സുസുക്കി സിയാസിനെ കടത്തിവെട്ടുക തന്നെയാണ് വേർണയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഉടൻ പുറത്തിറങ്ങുന്ന പുതിയ ജെൻ ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളും വേർണയുടെ എതിരാളികളാണ്.

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ മൂന്ന് ബി‌എസ്‌-VI എഞ്ചിനുകളും കാറിൽ ലഭ്യമാകും. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ സ്റ്റാൻ‌ഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു.

ആറ് സ്പീഡ് സിവിടി ഓപ്ഷനായി ലഭിക്കുമ്പോൾ ഡീസൽ യൂണിറ്റ് 115 bhp-യും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഓയിൽ-ബർണർ ബന്ധിപ്പിച്ചിരിക്കുന്നു.

Comments are closed.