കര്‍ണാടകയില്‍ ചിത്രദുര്‍ഗ എംപി ജി എം സിദ്ദേശ്വരയുടെ മകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ചിത്രദുര്‍ഗ എംപി ജി എം സിദ്ദേശ്വരയുടെ മകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് മക്കളുടെയും എംപിയുടേതുടമക്കം കുടുംബാംഗങ്ങളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. എംപിയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ റെഡ് സോണായി പ്രഖ്യാപിച്ച് പ്രവേശനം വിലക്കുകയും ചെയ്തു. ഗുയാനയില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ന്യൂയോര്‍ക്കിലും അവിടെനിന്ന് നിന്ന് വിമാനം വഴി ദില്ലിയിലെത്തിയ ഇവര്‍ ബെംഗളൂരുവിലേക്കും വിമാനമാര്‍ഗമെത്തുകയും പിതാവിനോടൊപ്പം സ്വന്തം വാഹനത്തില്‍ ചിത്രദുര്‍ഗയിലെത്തുകയുമായിരുന്നു.

ചിത്രദുര്‍ഗയിലെ ആദ്യത്തെ കൊവിഡ് 19 കേസാണിത്. അതേസമയം പ്രോട്ടോകോള്‍ പാലിച്ച് മകള്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞെന്ന് എംപി പറഞ്ഞു. എന്നാല്‍, ആരോഗ്യ വിഭാഗത്തെ യാത്രാ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് ജീവനക്കാരെത്തി സ്വാബ് പരിശോധനക്കെടുത്തു. ഫലം വന്നപ്പോള്‍ മകളുടേത് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. എന്നാല്‍ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments are closed.