മണിപ്പൂരി യുവതിയ്ക്ക് നേരെ കൊറോണ എന്നാക്ഷേപിച്ച് തുപ്പിയയാള്‍ അറസ്റ്റില്‍

ദില്ലി: മണിപ്പൂരി യുവതിയ്ക്ക് നേരെ കൊറോണ എന്നാക്ഷേപിച്ച് തുപ്പിയ മുഖര്‍ജി നഗര്‍ സ്വദേശിയായ നാല്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനതാ കര്‍ഫ്യൂ ദിനത്തില്‍ നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം രാത്രി അടുത്തുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് അത്യാവശ്യത്തിന് വേണ്ട പച്ചക്കറി വാങ്ങി മടങ്ങി വരവെയാണ് ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ തടഞ്ഞു നിര്‍ത്തിയത്.

യുവതിയെ തടഞ്ഞ ഇയാള്‍ ആദ്യം അശ്ലീലച്ചുവയോടെ യുവതിയോട് സംസാരിച്ചു. ഇയാളെ അവഗണിച്ച് നടന്ന് പോകാനാണ് ആദ്യം യുവതി ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് തടഞ്ഞു നിര്‍ത്താനായി ഇയാളുടെ ശ്രമം. യുവതി ശക്തമായി എതിര്‍ത്തപ്പോള്‍ കൊറോണ എന്ന് അധിക്ഷേപിച്ച് ഇവരുടെ മുഖത്തും ദേഹത്തും ഇയാള്‍ തുപ്പിയിരുന്നു.

ഉടന്‍ തന്നെ യുവതി തൊട്ടടുത്തുള്ള വിജയനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും വിവരങ്ങളനുസരിച്ച് രൂപരേഖ തയ്യാറാക്കിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അതേസമയം പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.