കൊവിഡ് 19 : പ്രതിരോധം സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകള്‍

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും പാഴ്സല്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും വീടിനു പുറത്തിറങ്ങാനുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പാഴ്സല്‍ വിതരണത്തിനും ഓണ്‍ലൈന്‍ ഡെലിവറിക്കും മാത്രമായി തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന അവസ്ഥയിലാണ് ഹോട്ടലുടമകള്‍.

അതേസമയം ഇടപാടുകാരില്‍ 80 ശതമാനവും ഹോട്ടലില്‍ വന്നു ഭക്ഷണം കഴിക്കുന്നവരാണെന്നും 20 ശതമാനം മാത്രമേ ഓണ്‍ലൈനായി ഓഡര്‍ ചെയ്യാറുള്ളൂവെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ജില്ലാ പ്രസിഡന്റ് അസീസ് വ്യക്തമാക്കി. കൂടാതെ പാഴ്സലിനായി മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലും ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി സംഭരിച്ചിട്ടുള്ളതിനാലും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വളരെ കുറവാണ്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഓണ്‍ലൈന്‍, പാഴ്സല്‍ ഭക്ഷണ വിതരണം നടത്താനാണു ഹോട്ടല്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എറണാകുളം ജില്ലയിന്‍ ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.

Comments are closed.