ഡല്‍ഹിയില്‍ അവശ്യ സാധനങ്ങള്‍ വിലക്കുന്ന കടകള്‍ ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അവശ്യ സാധനങ്ങള്‍ വിലക്കുന്ന കടകള്‍ ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനെടുത്തത്. അതേസമയം ഡല്‍ഹിയില്‍ ഇതുവരെ 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗികളുമായി അടുത്തിടപഴകിയ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മൊഹല്ല ക്ലിനിക്കില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പക്കല്‍ ചികിത്സയ്ക്കെത്തിയ 800 ഓളം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ മൊഹല്ല ക്ലിനിക്ക് അടച്ചിടില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ തുടങ്ങിയതാണ് മൊഹല്ല ക്ലിനിക്കുകള്‍. എന്നാല്‍ മാര്‍ച്ച് 10ന് സൗദിയില്‍ നിന്നും കൊറോണ ലക്ഷണങ്ങളോടെ മടങ്ങിയെത്തിയ സ്ത്രീ മൊഹല്ല ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയതോടെ ഡോക്ടര്‍ക്കും രോഗം പടരുകയായിരുന്നു.

Comments are closed.