Ultimate magazine theme for WordPress.

ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൺ തൈക്കാട് മോഡൽ എൽപി സ്‌കൂളിൽ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം
ഹോം ക്വാറന്റെയിനിലുള്ളവർക്കും ലോക്ക് ഡൗൺ മൂലം വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്കും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ച് നഗരസഭ സൗജന്യമായി ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഇതിനാവശ്യമായ ഭക്ഷണം പാചകം ചെയ്യുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൺ തൈക്കാട് മോഡൽ എൽപി സ്‌കൂളിൽ ഇന്ന് ആരംഭിക്കും. ആവശ്യം വരുന്നതനുസരിച്ച് നഗരസഭയുടെ മുഴുവൻ ഹെൽത്ത് സർക്കിളുകളിലും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും. ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448,9496434449,9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

നാളെ മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണം. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്. രജിസ്റ്റർ ചെയ്യുന്നവർക്കും വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും. മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി ഭക്ഷണം വിതരണം ചെയ്യും.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.