വിമെന്‍സ് ഹോസ്റ്റലില്‍ അടുക്കള പൂട്ടി വാര്ഡന് മുങ്ങി ; യുവതികള്‍ ഹോസ്റ്റലിനുള്ളില്‍ അകപ്പെട്ടു
കട്ടപ്പന: ഹൗസിങ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റലില്‍ അടുക്കള പൂട്ടി വാര്ഡന് മുങ്ങിയതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, അര്‍ബന്‍ ബാങ്ക് ജീവനക്കാരി, ചക്കുപള്ളം ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് എന്നിവര്‍ ഹോസ്റ്റലിനുള്ളില്‍ അകപ്പെട്ടു. തുടര്‍ന്ന് ഇന്നലെ മുതല്‍ അടുക്കള പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച വാര്ഡന് രണ്ട് ഗേറ്റുകളും പൂട്ടി താക്കോലുമായി മടങ്ങിയിരുന്നു. എന്നാല്‍ പുറത്തുനിന്നു ഭക്ഷണം വാങ്ങാമെന്നും ആവശ്യമെങ്കില്‍ വിളിക്കാനും വാര്ഡന് പറഞ്ഞിരുന്നു.
വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്നു വരുത്താന്‍ യുവതികള്‍ തീരുമാനിച്ചെങ്കിലും ഭക്ഷണവുമായെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്കു പൂട്ടിയിട്ട ഗ്രില്ലിനുള്ളിലൂടെ നല്കാന് കഴിഞ്ഞില്ല. എന്നാല്‍ വാര്‍ഡനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതികള്‍ വീട്ടില്‍ വിവരമറിയിച്ചു. വിവരം അറിഞ്ഞ മാധ്യമപ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. പരാതിയില്ലെന്നും ഗ്രില്‍ തുറക്കാന്‍ അനുമതി മതിയെന്നും യുവതികള്‍ അറിയിച്ചതോടെ പോലീസ് കേസെടുത്തിരുന്നില്ല.
Comments are closed.