മിനി എസ്യുവി ശ്രേണിയിലേക്ക് ടാറ്റ അവതരിപ്പിക്കുന്നു HBX

മിനി എസ്യുവി ശ്രേണിയിലേക്ക് ടാറ്റ അവതരിപ്പിക്കുന്നു HBX. ഇപ്പോൾ പുതിയ മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് ടാറ്റ മോട്ടോർസ്. എൽഇഡി ഡി‌ആർ‌എല്ലുകളുള്ള ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന ദ്വിതല ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, ലോവർ ഗ്രില്ലിൽ ട്രൈ-ആരോ പാറ്റേൺ, ഓൺ-റോഡ് ടയറുകൾ എന്നിവയെല്ലാം പ്രൊഡക്ഷൻ പതിപ്പിൽ ഇടംപിടിക്കുമെന്ന് സ്പൈ ചിത്രങ്ങൾ തെളിയിക്കുന്നു.

ഔദ്യോഗികമായി HBX മിനി എസ്‌യുവിക്ക് ടാറ്റ പേര് നൽകിയിട്ടില്ല. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ അരങ്ങേറിയ ആൽഫ പ്ലാറ്റ്ഫോമിലായിരിക്കും പുത്തൻ മോഡലിന്റെയും നിർമാണം കമ്പനി പൂർത്തിയാക്കുക. അതായത് ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന രണ്ടാമത്തെ മോഡലാകും HBX.

ടാറ്റയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ ഡയറക്‌ട്-ഇഞ്ചക്ഷൻ പതിപ്പും പുതിയ മിനി എസ്‌യുവിയിൽ അവതരിപ്പിക്കുമെന്നതാണ് ശ്രദ്ധേയം. 1.2 ലിറ്റർ ടർബോ-പെട്രോൾ വിപണിയിൽ കൂടുതൽ ശക്തമായ ഒരു ബദലായിരിക്കും. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയേക്കാം.

സ്പ്ലീറ്റ് ഹെഡ്‌ലാമ്പുകൾക്ക് പുറമേ, ടാറ്റ മോട്ടോർസ് 15 ഇഞ്ച് അലോയ് വീലുകൾ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് വാഹന സേവനങ്ങൾ, ടിഎഫ്‌ടി ഡിസ്‌പ്ലേ അടങ്ങിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, 8-സ്പീക്കർ ഓഡിയോ സംവിധാനവും അതിലേറെയും വാഹനത്തിൽ വാഗ്‌ദാനം ചെയ്യും.

അർബൻ കോംപാക്‌ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയ മാരുതി ഇഗ്നിസിന്റെ വിപണി പിടിക്കാൻ HBX-ലൂടെ സാധിക്കുമെന്നാണ് ഇന്ത്യൻ ബ്രാൻഡി വിശ്വസിക്കുന്നത്. ഇഗ്നിസിനെ കൂടാതെ മഹീന്ദ്ര KUV100 ഉം ടാറ്റയുടെ പുത്തൻ മോഡലിന്റെ പ്രധാന എതിരാളിയുടെ പട്ടികയിലുണ്ട്.

4.5 മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. HBX അവതരിപ്പിക്കുന്നതോടെ ടാറ്റ മോട്ടോർസിന് എസ്‌യുവികളുടെ വിപുലമായ ലൈനപ്പ് ഉണ്ടാകും. ഒരു പൂർണ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും ടാറ്റ പ്രവർത്തിക്കുന്നുണ്ട്. അത് വരും വർഷത്തിൽ വിപണിയിൽ ഇടംപിടിക്കും. എന്നാൽ ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാകില്ല.

Comments are closed.