കോവിഡ് 19 പ്രതിരോധം: ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് പഠനം

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ കോവിഡ് 19നെ പൂർണമായി പ്രതിരോധിക്കുന്നതിന് ഇന്ത്യയിൽ 49 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഇന്ത്യക്കാരായ ഗവേഷകർ നടത്തിയ പഠനം. ഇന്ത്യൻ ജനതയുടെ പ്രായം, സാമൂഹ്യമായ ഇടപെടൽ രീതികൾ, ജനസംഖ്യ തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തിയുള്ള വിശദമായ പഠനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.

ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺകൊണ്ട് വൈറസ് ബാധയിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകർ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യമായ അകലം പാലിക്കൽ കൊണ്ട് എത്രമാത്രം കോവിഡ് 19 രോഗത്തെ അകറ്റിനിർത്താനാവും എന്നാണ് ഗണിതശാസ്ത്ര മോഡലുകളിലൂടെ പഠനത്തിൽ പരിശോധിക്കുന്നത്. ഓഫീസ് ജോലികൾ വീടുകളിലിരുന്ന് ചെയ്യൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കൽ, എന്നിവയടക്കമുള്ള നടപടികളെ പഠനത്തിൽ വിലയിരുത്തിയിട്ടുണ്ട്.

ജനങ്ങളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ ഇടപെടൽ വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം. ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടൽ രീതി വൈറസ് വ്യാപനത്തിന് എത്രമാത്രം ഇടയാക്കുന്നു, വിപുലമായ രീതിയിലുള്ള സാമൂഹ്യ അകലംപാലിക്കൽ നടപടികൾക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പഠനം പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദിവസങ്ങൾ നീളുന്ന ലോക്ക് ഡൗൺ നടപടികൾ കൊണ്ട് വൈറസ് ബാധയെ ചെറുക്കാനാകുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുന്നത്.

21 ദിവസത്തെ ലോക്ക് ഡൗൺകൊണ്ട് വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താനാവില്ല. മൂന്നാഴ്ചയ്ക്ക് ശേഷവും വൈറസ് വീണ്ടും ശക്തമായി വ്യാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്ക് ഇളവുകൾ നൽകിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗൺ നീട്ടണമെന്നാണ് പഠനം നിർദേശിക്കുന്നത്. വരുംദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകർ പറയുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ റോണോ ജോയ് അധികാരി, രാജേഷ് സിങ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് കോവിഡ് 19 പ്രതിരോധം സംബന്ധിച്ച വിവരങ്ങളുള്ളത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.