സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:  കേരളത്തില്‍ 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കാസർകോട് 17 പേർക്കും കണ്ണൂരിൽ11 പേർക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളിൽ 623 പേരാണുള്ളത്. മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ്  അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പി.എസ്‌.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീർഘിപ്പിച്ചതായി പി.എസ്‌.സി അറിയിച്ചിട്ടുണ്ട്. പെയ്ഡ് ചാനലുകൾ ഈ അവസരത്തിൽ ഫ്രീയായി നൽകാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് ചാനൽ മേധാവിമാരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപി അജിത് കുമാറിനെ ചുമതലപ്പെടുത്തി.

1034 തദ്ദേശ സ്ഥാപനങ്ങളിൽ 1031ലും കമ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണുകൾ ഉണ്ട്. 1,54,258 പേർക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്കി. ഇതില് 1,37,930 പേർക്കും സൗജന്യമായാണ് ഭക്ഷണം നല്കിയത്.
കമ്യൂണിറ്റി കിച്ചനുകൾ വഴി അത്യാവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് ഉദ്ദേശിച്ചത്. ഇതിൽ കൃത്യത ഉണ്ടാകണം.

സംസ്ഥാനത്ത് തുടങ്ങാൻ ഉദ്ദേശിച്ച 1000 ഹോട്ടലുകളിൽ നിന്ന് കാശു കൊടുത്ത് ഭക്ഷണം വാങ്ങാൻ തയാറാകുന്നവർക്ക് വേണ്ടി ഭക്ഷണം എത്തിക്കുന്നതിനു പ്രശ്നമുണ്ടാകില്ല. കരാർ ജീവനക്കാർക്ക് ശമ്പളം വാങ്ങാൻ ഓഫിസുകളിലോ ബാങ്കുകളിലോ പോകാൻ അനുമതിയുണ്ട്. ഉൾ വനത്തിൽ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങൾ വാങ്ങാനും സാധനങ്ങൽ വാങ്ങാനും ചില ക്രമീകരണം ഏർപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.