നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു ; സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൂടാതെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സര്‍ക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവര്‍ക്കും സൗജന്യ റേഷനും കിറ്റും നല്‍കുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ലെന്നും നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേല്‍പിക്കരുതെന്നും എല്ലാവര്‍ക്കും അവരാല്‍ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവര്‍ താല്‍പര്യപ്പെടുന്ന തുക നല്‍കാനുള്ള അവസരം വേണമെന്ന് ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശിക്കുകയായിരുന്നു.

Comments are closed.