ബുള്ളറ്റ് 350 ശ്രേണിയെ പരിഷ്‌ക്കരിച്ച് വിപണിയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ്-VI പരിഷ്ക്കരണത്തോടെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ പുതുക്കിയ എഞ്ചിൻ 5,250 rpm-ൽ 19.1 bhp കരുത്തും 4000 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പരിചിതമായ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബുള്ളറ്റ് 350-യുടെ എക്‌സ്‌ഹോസ്റ്റ് ഹെഡർ പൈപ്പിൽ ഒരു വലിയ കാറ്റലറ്റിക് കൺവെർട്ടർ ഉൾപ്പെടുത്തിയിരിക്കുന്നു. ബിഎസ്-IV മോഡലിനെയും 2020 ബിഎസ്-VI പതിപ്പിനെയും വേർതിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇത്.

എഞ്ചിൻ നവീകരണത്തിന് പുറമെ പുതിയ ബുള്ളറ്റ് 350 ബിഎസ്-VI-ൽ മറ്റ് കോസ്മെറ്റിക് മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. പഴയ മോഡലിലെന്ന പോലെ തന്നെ ഇതിന് ക്രോം മാസ്‌കുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ഹെഡ്‌ലാമ്പിന്റെ ഇരുവശത്തും ചെറിയ ഫോഗ് ലാമ്പുകൾ, സിംഗിൾ-പീസ് ട്യൂബുലാർ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ്, ക്രോം എക്‌സ്‌ഹോസ്റ്റ്, ക്ലാസിക് റിയർവ്യൂ മിററുകൾ തുടങ്ങിയവ ഇടംപിടിച്ചിരിക്കുന്നു.

മറ്റ് ഘടകങ്ങളിലും അതേപടി മുന്നോട്ടുകൊണ്ടുപോവുന്നു. 35 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും 5-വഴി പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളും യഥാക്രമം മുന്നിലും പിന്നിലും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു. 2 പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉള്ള 280 mm ഫ്രണ്ട് ഡിസ്കും പിൻവശത്ത് 153 mm ഡ്രം ബ്രേക്കും ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

സിംഗിൾ ചാനൽ എബിഎസും മോട്ടോർസൈക്കിളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ബുള്ളറ്റ് 350-യുടെ ഭാരം 195 കിലോഗ്രാമാണ്. റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ് സ്റ്റാൻഡേർഡ് ബുള്ളറ്റ് 350.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ്-VI സ്റ്റാൻഡേർഡ്, ഇലക്ട്രിക് സ്റ്റാർട്ട് എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും. സ്റ്റാൻഡേർഡ് പതിപ്പിന് ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, ബുള്ളറ്റ് സിൽവർ, ഫീനിക്സ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

സിൽവർ, ഫീനിക്സ് ബ്ലാക്ക് കളർ മോഡലുകൾക്ക് 1,21,583 രൂപയാണ് എക്സ്ഷോറൂം വില. ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ ബുള്ളറ്റ് 350-ക്ക് 1,27,750 രൂപയുമാണ് വില.

Comments are closed.