നിസാമുദ്ദീനുലും തമിഴ്നാട്ടിലും നടന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 306 പേര്‍; നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : നിസാമുദ്ദീന്‍ ബംഗ്ലാവാലി മസ്ജിദിലെ തബ്ലീഗ് സമ്മേളനത്തിലും തമിഴ്നാട്ടില്‍ നടന്ന സമ്മേളനത്തിലും 306 പോരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. തുടര്‍ന്ന ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടാതെ പരിശോധനയ്ക്കായി സ്രവം എടുക്കുന്ന നടപടികള്‍ തുടങ്ങി. എന്നാല്‍ മൂവായിരത്തോളം പേരുടെ പട്ടികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതാതു സംസ്ഥാനങ്ങള്‍ക്കു നല്‍കിയത്.

കഴിഞ്ഞ മാസം 18ന് ഡല്‍ഹിയിലെ സമ്മേളനം കഴിഞ്ഞ് നേരെ കേരളത്തിലെത്തിയവര്‍ 77 പേരാണ്. അതില്‍ തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 4, ആലപ്പുഴ 3, കോട്ടയം 6, ഇടുക്കി 4, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 2, കോഴിക്കോട് 6, മലപ്പുറം 12, വയനാട് 1, കണ്ണൂര്‍ 11, കാസര്‍കോട് 4 എന്നിങ്ങനെയാണ്. തിരുവനന്തപുരം സ്വദേശികളായ 9 പേരില്‍ ഒരാള്‍ ഡോക്ടറാണ്. ഇദ്ദേഹം ഇപ്പോള്‍ കായംകുളത്താണുള്ളത്. അതേസമയം തിരുവനന്തപുരം കാട്ടാക്കട നിന്നുള്ള മറ്റൊരാള്‍ കൊല്ലത്തുണ്ട്.

ജില്ലാ ഭരണകൂടങ്ങളെ ഇക്കാര്യം അറിയിക്കുകയും നിരീക്ഷണത്തിലുള്ള ഇവരില്‍നിന്ന് സ്രവം ശേഖരിക്കുകയും ചെയ്തിരുന്നു. അതേസമയം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഇരുപതോളം മലയാളികള്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലുണ്ടെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന കണക്കുകള്‍. ഉത്തര്‍പ്രദേശിലെ ദേവ്ബന്ദ് മതപാഠശാലയില്‍ പഠിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും.

നിസാമുദ്ദീനില്‍ ഇത്തവണത്തെ തബ്ലീഗ് ജമാഅത്തില്‍ തമിഴ്നാടിനായി പ്രത്യേകം നിശ്ചയിച്ച ആലോചനായോഗമായ മശ്ഹൂറ കൂടിയുണ്ടായിരുന്നതിനാലാണ് തമിഴ്നാട്ടില്‍ നിന്ന് 1,500 ഓളം പേര്‍ പങ്കെടുത്തത്. എന്നാല്‍ കേരളത്തിന്റെ മശ്ഹൂറ ഒക്ടോബറിലായതിനാലാണ് കൂടുതല്‍ മലയാളികള്‍ ഇത്തവണ എത്താതിരുന്നത്. ഡല്‍ഹിയിലെ പരിപാടി കഴിഞ്ഞ് ആന്‍ഡമാനിലും മറ്റു സംസ്ഥാനങ്ങളിലും സഞ്ചരിച്ചശേഷം 148 പേര്‍ കേരളത്തിലെത്തിയിട്ടുണ്ട്.

ഇതില്‍ കൂടുതല്‍പേരും വടക്കന്‍ കേരളത്തിലുള്ളവരാണ്. ജില്ലാഭരണകൂടം പട്ടികയിലുള്ളവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഇവരുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമായില്ല. തിരുവനന്തപുരത്തുനിന്നുള്ളവര്‍ ഇതില്‍ 11 പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. അതേസമയം മുംബൈയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ചു മരിച്ച ഫിലിപ്പീന്‍സ് സ്വദേശിയും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നയാളാണ്.

Comments are closed.