കൊവിഡ് പ്രതിരോധത്തിന് സഹായവുമായി അനില്‍ കുംബ്ലെ

ബംഗളൂരു: കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്സ് ഫണ്ടിലേക്കും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ.

”കോവിഡ് 19നെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ നാം ഓരോരുത്തരും ഒപ്പം ചേര്‍ന്ന് ഇതിനെതിരെ പോരാടണം. ഇതിലേക്കായി ഞാന്‍ എന്റേതായ ചെറിയൊരു സംഭാവന പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കുന്നു. നിങ്ങളും സംഭാവനകള്‍ ഉറപ്പാക്കൂ. എല്ലാവരും സുരക്ഷിതരായി വീടുകളില്‍ത്തന്നെ കഴിയൂ.” കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്തിയില്ലെങ്കിലും മൂന്ന് കോടിയോളം നല്‍കിയെന്നാണ് വിവരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്‌ന (52 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങള്‍. ധോണി എന്‍ജിഒ വഴി ഒരു ലക്ഷം നല്‍കി. പഠാന്‍ സഹോദന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ ബിസിസിഐ 51 കോടി കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.

Comments are closed.