കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

കൊച്ചി: അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് അതിനായി അതിര്‍ത്തിയില്‍ ഡോക്ടറെ നിയമിച്ചു. ഈ ഡോക്ടര്‍ മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ പരിശോധിക്കും.

നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ. ഇതിന് ഡോക്ടറുടെ അനുമതി കൂടിയേ തീരൂ. അതേസമയം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടിയെടുക്കണം.

കേന്ദ്ര സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. എതിര്‍ കക്ഷികള്‍ മൂന്ന് ആഴ്ച്ച ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണം. ഹര്‍ജിയില്‍ മറ്റ് ആവശ്യങ്ങള്‍ ഉണ്ട്. പക്ഷേ അത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിനാണ്. ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം.

ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് കര്‍ണാടകം മനസിലാക്കണം. കര്‍ണാടക സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് കോടതി പറയുന്നത്.

Comments are closed.