ഐഫോണ്‍ 9 ഏപ്രില്‍ 15-ന് ലോഞ്ച് ചെയ്യും

ഐഫോൺ 9 അഥവാ ഐഫോൺ SE 2 എന്ന് പേരുള്ള സ്മാർട്ഫോൺ ഏപ്രിൽ 15-ന് ലോഞ്ച് ചെയ്യും എന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 22 ന് ഹാൻഡ്‌സെറ്റിന്റെ ഷിപ്പ്മെന്റ് ആരംഭിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

പ്രമുഖ ടിപ്സ്റ്ററായ ജോൺ പ്രോസർ ആണ് ഏപ്രിൽ 15 ന് പുതിയ ഫോൺ ഇറങ്ങും എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കുന്നതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നും ടിപ്സ്റ്റർ പറയുന്നു. 2016 മാർച്ചിലാണ്‌ ഐഫോൺ SE ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്.

നിലവിൽ ആപ്പിളിന്‍റെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ഐഫോൺ SE. മികച്ച പ്രതികരണമാണ് SE ഫോണിന് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ചത്. ഇതുതന്നെയാണ് വീണ്ടും ഒരു ബജറ്റ് ഐഫോൺ മോഡലുമായി വരാൻ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്.

കാണാൻ ഐഫോൺ 8 മോഡലിന് സമാനമായിരിക്കും ഐഫോൺ SE 2. ഐഫോണ്‍ 11ലുള്ള A13CPU തന്നെയാണ് പുത്തന്‍ മോഡലിലും പ്രതീക്ഷിക്കുന്നത്. 4.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാവും പുത്തന്‍ മോഡലിനുണ്ടാവുക. മുന്‍ മോഡലുകളിലേതിന് സമാനമായ ഡിസൈന്‍ ഐഫോണ്‍ SE 2-ല്‍ ഉണ്ടാവാനാണ് സാധ്യത. ഏകദേശം 399 ഡോളറാണ് ഐഫോണ്‍ SE 2 ഫോണിന്റെ വിലയായി പ്രതീക്ഷിക്കുന്നത് (ഏകദേശം 28,500 ഇന്ത്യൻ രൂപ).

ഫേസ് ഐഡിയ്ക്ക് പകരമായി ടച്ച് ഐഡി ഫിംഗർപ്രിന്റ് റീഡറാണ് ഐഫോൺ SE 2-വിലുണ്ടാവുക. ആപ്പിളിന്റെ ഈ ബജറ്റ് സ്മാർട്ഫോൺ 64 ജിബി 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇറങ്ങുന്നത്. റെഡ്, സിൽവർ, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.

Comments are closed.