പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയത് വിവാദത്തിലായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ സേവഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലായിരുന്നു യാത്ര എന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് കിട്ടിയിരിക്കുന്ന വിവരം. ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിലിരിക്കണമെന്നാണ് ഉത്തരവ്.

എന്നാല്‍ സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിന്റെ മറവിലാണ് സഞ്ചാരം എന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേസമയം ഡിജിപി അറിഞ്ഞ്, എസ്പി നല്‍കിയ അനുമതിയോടെയാണ് ജില്ലകള്‍ കടന്നുള്ള യാത്രയെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസില്‍ തന്നെ ചര്‍ച്ചയാവുകയാണ്.

Comments are closed.