റെയില്‍വേ ഐസൊലേഷന്‍ കേരളത്തില്‍ ; ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ 360 വാര്‍ഡുകള്‍

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സഞ്ചരിക്കുന്ന റെയില്‍വേ ഐസൊലേഷന്‍ കേരളത്തിലും സജ്ജമാവുകയാണ്. അതിനായി 45 കോച്ചുകളിലായി 360 വാര്‍ഡുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴില്‍ മാത്രം ആദ്യ ഘട്ടത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാര്‍ഡുകള്‍ ക്രമീകരിക്കുന്നത്. ഒരു കോച്ചില്‍ എട്ട് വാര്‍ഡുകള്‍ വീതമാണ് സജ്ജീകരിക്കുക.

തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ നാല് ഡിപ്പോകളിലാണ് കോച്ചുകള്‍ വാര്‍ഡുകളാക്കി മാറ്റുന്നത്. അതേസമയം ആറ് പേര്‍ക്കിരിക്കാവുന്ന ബേ ക്യാബിനില്‍ മധ്യത്തിലുളള രണ്ട് ബര്‍ത്തുകള്‍ നീക്കം ചെയ്താണ് ഒരു വാര്‍ഡ് ക്രമീകരിക്കുന്നത്. ഓരോ വാര്‍ഡും സര്‍ജിക്കല്‍ കര്‍ട്ടനിട്ട് മറയ്ക്കും. കൂടാതെ നഴ്സിങ് റൂമും മെഡിക്കല്‍ സ്റ്റോറും രണ്ട് ഓക്സിജന്‍ സിലിണ്ടറുകളുമുണ്ടാകും.

എല്ലാ വാര്‍ഡുകളിലും മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ ആവശ്യത്തിന് പ്ലഗ്ഗ് പോയിന്റുകളും ഉണ്ടാകും. കൊതുകിനെ തടയാനും വായു സഞ്ചാരമുണ്ടാകാനും ജനലുകളില്‍ കൊതുക് വല ഘടിപ്പിക്കും. നിലവിലുണ്ടായിരുന്ന കുളിമുറിയും ടോയ്ലറ്റ് സൗകര്യവും മെച്ചപ്പെടുത്തിയിരിക്കുകയാണ്.

Comments are closed.