കുവൈത്തില്‍ 14 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് ; രോഗബാധിതരുടെ എണ്ണം 342 ആയി

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342 ആയി. ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുവൈത്തില്‍ രോഗമുക്തരായവരുടെ എണ്ണം 81 ആയി.

നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. എന്നാല്‍ വൈറസ് വ്യാപനം മുന്നില്‍ കണ്ട് പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഈ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വഴികളിലും സേനാ വിന്യാസം നടത്തിയാണു ജനങ്ങളെ നിയന്ത്രിക്കുന്നത്.

Comments are closed.