നിരീക്ഷണ നിര്‍ദേശ ലംഘനം : കൊല്ലം മുന്‍ സബ് കലക്ടര്‍ അനുപം മിശ്രയുടെ ഗണ്‍മാനും ഡ്രൈവറും സസ്പെന്‍ഷനില്‍

കൊല്ലം: നിരീക്ഷണ നിര്‍ദേശം മറികടന്ന് സ്വദേശത്തേക്ക് പോയ കൊല്ലം മുന്‍ സബ് കലക്ടര്‍ അനുപം മിശ്രയെ നേരത്തെ സസ്പെന്റു ചെയ്തിരുന്നതിനു പിന്നാലെ മിശ്രയുടെ ഗണ്‍മാനും ഡ്രൈവര്‍ക്കുമെതിരെ കേസ്. തുടര്‍ന്ന് ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്തു. അനുപം മിശ്രയുമായി അടുത്തിടപഴകിയവര്‍ എന്ന നിലയില്‍ ഇരുവരോടും ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിനാണ് കേസ്.

പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചു അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടു വര്‍ഷം വരെ തടവുശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കുന്നതാണ് കുറ്റം. അതേസമയം കഴിഞ്ഞമാസം സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ യാത്ര കഴിഞ്ഞ് വന്ന് അനുപം മിശ്രയോട് ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മാര്‍ച്ച് 19ന് കൊല്ലം കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശം വകവയ്ക്കാതെ അനുപം മിശ്ര അന്നു തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി കാണ്‍പൂരിലെ വസതിയിലേക്ക് പോയിരുന്നു. ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശിച്ചതെന്നാണ് താന്‍ ധരിച്ചതെന്ന മറുപടിയാണ് അനുപം മിശ്ര പറഞ്ഞത്.

Comments are closed.