അമേരിക്കയില്‍ കൊവിഡ് മരണം 7406 ആയി; ഇന്നലെ മാത്രം 1480 പേരാണ് മരിച്ചത്.

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊവിഡ് മരണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി.

അതേസമയം 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. മെരിലാന്‍ഡില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് കുഞ്ഞുങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ദിവസം കൊണ്ട് പുതുതായി സ്ഥിരീകരിച്ചത് 6582 പുതിയ കൊവിഡ് കേസുകളാണ്. 56,289 കൊവിഡ് രോഗബാധിതരുണ്ട്.

ഇതുവരെ 1867 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ അമേരിക്കയിലും മറ്റ് വികസനരാജ്യങ്ങളിലും കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുകയാണ്. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്ക് ഇന്ന് ആശുപത്രിയാണ്. ഇവിടെ സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയില്‍ അടുത്ത രണ്ട് ദിവസത്തിനകം ആളുകള്‍ നിറയുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.

Comments are closed.