രണ്ടാം തലമുറ റെനെഗേഡ് എസ്യുവിയെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജീപ്പ്
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് രണ്ടാം തലമുറ റെനെഗേഡ് എസ്യുവിയെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവരാകും എതിരാളികള്‍. 12 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ വിപണിയില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം.
ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്സന്റെ സ്മോള്‍ വൈഡ് 4X4 പ്ലാറ്റ്ഫോമിലായിരുന്നു റെനെഗേഡിന്റെ നിര്‍മ്മാണം, പുതിയ തലമുറയും അതേ പ്ലാറ്റ്ഫോം തുടരും. ജീപ്പ് കോമ്പസ്, ഫിയറ്റ് 500X എന്നിവയും ഇതേ പ്ലാറ്റ്ഫോമിലാണ്. റെനെഗേഡിന്റെ തനത് രൂപം പുതിയ റെനഗേഡിലും പ്രതിഫലിക്കും.
എന്നാല്‍ ഫീച്ചേഴ്സിലെല്ലാം വലിയ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഗ്ലോബല്‍ ലൈനപ്പില്‍ കോമ്പസിന് താഴെയാണ് രണ്ടാം തലമുറ റെനെഗേഡിന്റെയും സ്ഥാനം. ഓള്-വീല്‍ ഡ്രൈവ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മോഡല്‍ കൂടിയാണിത്.
1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെ പുതിയ പതിപ്പും വിപണിയില്‍ എത്തിയേക്കും. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും ഉള്‍പ്പെടാം.
അതേസമയം വാഹനത്തിന്റെ മറ്റ് ഫീച്ചറുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍ തന്നെ കോംപാക്ട് എസ്യുവി ശ്രേണിയിലേക്കും ഇലക്ട്രക്ക് നിരയിലേക്കും പുതിയ വാഹനങ്ങളെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ഏറ്റവും ചെറിയ ജീപ്പ് കോംപാക്ട് എസ്യുവി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നും സ്ഥിരീകരണമുണ്ട്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ മറ്റ് സബ്-4 മീറ്റര്‍ എസ്യുവികളുടെ വിപണിയാണ് ജീപ്പ് ലക്ഷ്യമിടുന്നത്.
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണിതെന്നും കമ്പനി അറിയിച്ചു. വിവിധ വില ശ്രേണികളില്‍ വാഗ്ദാനം ചെയ്യുന്ന കോമ്പസ്, റെനെഗേഡ്, റാങ്ലര്‍ എസ്യുവികള് അടുത്ത വര്‍ഷം PHEV സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്കരിക്കും അതിന് ശേഷം ഉടന്‍ തന്നെ പൂര്‍ണ്ണ ഇലക്ട്രിക് പവര്ട്രെയിനുകളിലേക്കുള്ള പരിവര്‍ത്തനവും സംഭവിക്കുമെന്നും കമ്പനി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോമ്പസ് ഇലക്ട്രിക്കിനെ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കും. ഇതോടെ ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച ഇന്ത്യന്‍ വിപണി ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ കോമ്പസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
Comments are closed.