പത്തനംതിട്ടയില്‍ നിരീക്ഷണ സമയ പരിധി അവസാനിച്ച ശേഷം വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പന്തളം: പത്തനംതിട്ടയില്‍ ഇന്നലെ നിരീക്ഷണ സമയ പരിധി അവസാനിച്ച ശേഷം പ്രകടമായ ലക്ഷണങ്ങളില്ലാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മംഗള എക്സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കഴിഞ്ഞ മാസം 15നാണ് നാട്ടിലേക്ക് തിരിച്ചത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത് ദില്ലി മെട്രോയില്‍.

എറണാകുളം ജംഗ്ഷനില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ആണ് നോര്‍ത്ത് സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്ന് ശബരി എക്സ്പ്രസ്സില്‍ ചെങ്ങന്നൂരിലും തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ പന്തളത്തെ വീട്ടിലും എത്തി. ഇതിനിടെ എഎടിഎമ്മിലും റെയില്‍വേ വേസ്റ്റഷനു സമീപത്തെ ഹോട്ടലിലും കയറിയിരുന്നു. എന്നാല്‍ പ്രകടമായ രോഗലക്ഷണമില്ലാതിരുന്നിട്ടും ദില്ലയില്‍ നിന്ന് വന്നതുകൊണ്ടാണ് സ്രവ പരിശോധന നടത്തിയത്.

അതേസമയം വിദ്യാര്‍ത്ഥിനിക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത ഇല്ല. ട്രെയിനില്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയവരും ഉണ്ടായിരുന്നു. ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ 20 വരെ സംസ്ഥാനത്തേക്ക് വന്നിട്ടുള്ള മുഴുവന്‍ ട്രെയിനുകളിലെയും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്. അതേസമയം 14 ദിവസത്തെ നിരീക്ഷണ സമയ പരിധി കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുറത്ത് നിന്നെത്തിയവരുടെ നിരീക്ഷണ കാലാവധി 28 ആയി നീട്ടിയിട്ടുണ്ട്.

Comments are closed.