കര്‍ണ്ണാടകത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് കേരളം ; കേസ് നാളെ വീണ്ടും പരിഗണിക്കും.

ദില്ലി: കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി. അതേസമയം മംഗലാപുരത്തേക്ക് രോഗികളെ പോലും കടത്തിവിടാത്ത കര്‍ണ്ണാടകത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകുന്നില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

അതേസമയം കാസര്‍കോട് – മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കേരള ഹൈക്കോടതി നല്‍കിയ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.

എന്നാല്‍ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് പറയുന്നു. ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണം എന്ന് തീരുമാനിക്കാന്‍ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശിച്ചത്.തുടര്‍ന്ന് കേസ് നാളെ വീണ്ടും പരിഗണിക്കുന്നതാണ്.

Comments are closed.