സെഡാന്റെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഹോണ്ട നിര്‍ത്തലാക്കി

സെഡാന്റെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഹോണ്ട നിര്‍ത്തലാക്കി. നിലവിലെ ഡീസൽ യൂണിറ്റ് ബിഎസ്-VI-ന് അനുസൃതമായി പരിഷ്ക്കരിക്കേണ്ടതില്ലെന്ന് ജാപ്പനീസ് നിർമാതാക്കൾ തീരുമാനിച്ചതിനാലുംകൂടാതെ ആഭ്യന്തര വിപണിയിൽ പെട്രോൾ മോഡലുകളോട് വർധിച്ചു വരുന്ന പ്രിയവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.

115 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് i-VTEC പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഹോണ്ട സിറ്റി ഇനി വിപണിയിൽ എത്തുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സ്റ്റിയറിംഗ് മൗണ്ടഡ് പാഡിൽ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക്കുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ബിഎസ്-VI പെട്രോൾ ഹോണ്ട സിറ്റിക്ക് ഇപ്പോൾ 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അഞ്ചാം തലമുറ സിറ്റി സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട.

ഈ വർഷം തന്നെ രാജ്യത്ത് എത്തുമെങ്കിലും നിലവിലെ സാഹചര്യത്തിൽ പുത്തൻ ഹോണ്ട സിറ്റി എന്ന് ഷോറൂമുകളിൽ എത്തുമെന്ന് ഒരു സൂചനയുമില്ല. രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോകുന്നതിനാൽ എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഉത്പാദനം, വിൽപ്പന, സർവീസ് എന്നിവയുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

ഹ്യുണ്ടായി വേർണ, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ്, ശ്രേണിയിലെ മുൻനിരയിലുള്ള മാരുതി സുസുക്കി സിയാസ് എന്നീ മോഡലുകളോട് മത്സരിക്കുന്ന 2020 ഹോണ്ട സിറ്റി തുടക്കത്തിൽ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും എത്തുക. V, VX, ZX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ പെട്രോൾ സിറ്റി തെരഞ്ഞെടുക്കാൻ സാധിക്കും.

കൂടാതെ നിലവിലെ മോഡലിനേക്കാൾ നീളവും വീതിയുമാണ് കാറിനുള്ളത്. 4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം, 2,600 mm നീളമുള്ള വീൽബേസ് എന്നീ അളവുകളിലാണ് പുതിയ അഞ്ചാംതലമുറയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

2020 ഹോണ്ട സിറ്റിയുടെ പ്രധാന സവിശേഷതകളിൽ ട്രാക്ഷൻ കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, നാല് എയർബാഗുകൾ, അഞ്ച് ഹെഡ്‌റെസ്റ്റുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നു.

Comments are closed.