കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 65കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു മരണം.

വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അതേ സമയം രണ്ട് പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതില്‍ 19 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, നാല് പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 10 പേര്‍ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

42 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 30 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ പോസിറ്റീവ് കേസുകള്‍ ഒന്നുമില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കണം. അതേസമയം ജില്ലയില്‍ പുതിയതായി 42 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 672 ആയി.

Comments are closed.